About Sevana
പെരുക്കോണി റെസിഡൻസ് അസോസിയേഷൻ
ഒളമറ്റം, തൊടുപുഴ - 685584
Reg. No. 1/2/2012
President : ഹേമരാജ് K.R | 94476 13050
Vice President : അനിൽ മാത്യു | 9446401313
Secretary : അബി P.N | 9447267061
Joint Secretary | ട്രീസ ജോമോൻ | 9495967000
Treasurer : രാധാകൃഷ്ണൻ C.G | 9496279144
തൊടുപുഴ നഗരത്തിൽ നിന്ന് മൂലമറ്റം റൂട്ടിൽ യാത്ര ചെയ്താൽ പെരുക്കോണി വെയിറ്റിംഗ് ഷെഡിൽ എത്തിച്ചേരും. പെരുക്കോണി വെയിറ്റിംഗ് ഷെഡിൽ നിന്നാരംഭിച്ച് കാട്ടുതല റോഡിനിരുവശവുമായി കാണുന്ന 73 വീടുകൾ ഉൾക്കൊള്ളുന്നതാണ് പെരുക്കോണി റസിഡന്റ്സ് അസോസിയേഷൻ (PRA). 2012-ൽ സ്ഥാപിതമായ ഈ സംഘടനയ്ക്ക് 13 അംഗ ഭരണസമിതിയാണ് നിലവിലുള്ളത്. അതിൽ 3 വനിതാ പ്രതിനിധികളും ഉൾപ്പെടുന്നു. നഗരപ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി തൊടുപുഴയാറിന്റെ സ്വച്ഛതയിൽ ഗ്രാമാന്തരീക്ഷം നിലനിൽക്കുന്ന ഒരു പ്രദേശമാണ് പെരുക്കോണി. ഇടത്തരക്കാരായ മനുഷ്യരുടെ ഒരു കൂട്ടം. 3 മുതൽ 7 സെന്റ് വരെ 23 കുടുംബങ്ങളും 7 മുതൽ 12 വരെ 28 കുടുംബങ്ങളും അതിനു മുകളിൽ 25 കുടുംബങ്ങളും ഉൾപ്പെടുന്ന കൂട്ടായ്മ. അതിൽ തന്നെ 16 നീല, 28 വെള്ള, 1 മഞ്ഞ എന്നിങ്ങനെയാണ് റേഷൻ കാർഡുകളുടെ നിറങ്ങൾ.
ഞങ്ങളുടെ നാൾവഴികൾ
സ്ഥാപിത വർഷം 2012. എല്ലാവർഷവും ഓണാഘോഷത്തോടനുബന്ധിച്ച് മാവേലി എഴുന്നള്ളത്ത്, ഓണസദ്യ, കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു. വർണ്ണ ശബളമായ വാർഷികാഘോഷങ്ങളിൽ ആബാലവൃദ്ധം അംഗങ്ങൾ ഒത്തുചേരുകയും അവരുടെ കലാവിരുന്നുകൾ അവതരിപ്പിക്കുകയും ചെയ്തു വരുന്നു. സ്ഥാപിച്ച അമച്വർ നാടകവേദിയുടെ നാടകങ്ങൾ വാർഷികാഘോഷങ്ങളിൽ സ്ഥിരം സാന്നിധ്യമാണ്.
ആറാമത് നാടകം 'നീതിശാസ്ത്രം' ഈ വരുന്ന ഡിസംബർ 31നു അവതരിപ്പിക്കപ്പെടുന്നു. സമകാലീന കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സ്കൂൾ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ് നാടകത്തിന്റെ ഇതിവൃത്തം.
സേവന എന്ന പേരിൽ നടത്തുന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ പതിനായിരത്തിൽ പരം അംഗങ്ങൾ ഉണ്ട്. രക്തദാനം, രോഗി പരിചരണ ഉപകരണങ്ങൾ എത്തിച്ചു നൽകൽ, കാർഷിക ഉൽപ്പന്നങ്ങളുടെ ഇടനിലക്കാരില്ലാത്ത വിപണനം എന്നിവ ഇതിലൂടെ സാധ്യമാകുന്നു. കൂടാതെ തൊഴിലവസരങ്ങൾ സമൂഹത്തിൽ എത്തിക്കാനും ഉതകുന്നു.
അത്യാവശ്യ സന്ദർഭങ്ങളിൽ അംഗങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകാൻ ഉതകുന്ന പരസ്പര സഹായനിധി വിജയകരമായി പ്രവർത്തിച്ചുവരുന്നു. വർഷാവർഷം നടത്തുന്ന വിനോദയാത്രകൾ ഏറെ ആഹ്ളാദകരമാണ്.
ഇടവഴികളുടെ കയ്യേറ്റം, മാലിന്യ സംസ്കരണ പ്രശ്നം, വഴിവിളക്കുകൾ, റോഡ് മെയിൻ്റനൻസ് തുടങ്ങിയവയിൽ സമരമുഖത്തും അസോസിയേഷൻ പ്രവർത്തിച്ചുവരുന്നു. വെള്ളപ്പൊക്കം പോലുള്ള അവശ്യ അവസരങ്ങളിൽ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു വരുന്നു.
എല്ലാവർഷവും വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പരിസര ശുചിത്വ മത്സരത്തിൽ 3 കാറ്റഗറികളിലായി 15 കുടുംബങ്ങൾക്ക് സമ്മാനം നൽകിവരുന്നു. പരിസരം വൃത്തിയായി സൂക്ഷിക്കാൻ ആരോഗ്യകരമായ ഈ മൽസരത്തിലൂടെ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ അവശ്യ ഇടവേളകളിൽ PRA നടത്തുന്ന പൊതുഇട ക്ലീനിംഗിലൂടെ റോഡ്, വെയിറ്റിംഗ് ഷെഡ് എന്നിവയും വൃത്തിയായി സൂക്ഷിക്കുവാൻ സാധിക്കുന്നു. മാസാമാസമുള്ള ഭരണസമിതി അംഗങ്ങളുടെ ഗൃഹ സന്ദർശനം ശുചിത്വമുള്ള പരിസരങ്ങൾ ഉറപ്പ് വരുത്തുന്നു.
ഭക്ഷ്യാവശിഷ്ടങ്ങൾ സംസ്കരിക്കാൻ എല്ലാ കുടുംബങ്ങളിലും ബയോഗ്യാസ് പ്ലാന്റ്, റിംഗ് കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ് ഇവയിലേതെങ്കിലും വേണം എന്ന ആശയത്തിലൂന്നിയാണ് PRA യുടെ പ്രവർത്തനം. നിലവിൽ 64 കുടുംബങ്ങളിൽ മേൽ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ച് വരുന്നു.
ബാക്കിയുള്ള കുടുംബങ്ങൾക്ക് 2024 ജനുവരി 31 അകം റിംഗ് കമ്പോസ്റ്റുകൾ എത്തിച്ചു നൽകാനാണ് തീരുമാനം. ഇതിനു ഏകദേശം 15000/- രൂപയോളം ചിലവ് പ്രതീക്ഷിക്കുന്നു. പകുതി തുക ഉടമസ്ഥരിൽ നിന്നും ഈടാക്കി ബാക്കി പകുതി PRA നടത്തുന്ന പരസ്പരസഹായ ഫണ്ടിൽ നിന്ന് കണ്ടെത്താം എന്നാണ് ഭരണസമിതിയോഗ തീരുമാനം.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണത്തിൽ ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. മാസാമാസമുള്ള അവരുടെ ഗൃഹസന്ദർശനം മുനിസിപ്പൽ കൗൺസിലർമാരുമായി ചേർന്ന് ഭരണസമിതി ഉറപ്പ് വരുത്തുന്നു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണമെന്ന സന്ദേശം നൽകിക്കൊണ്ട് 2 വീതം തുണിസഞ്ചികൾ ഓരോ കുടുംബങ്ങളിലും വിതരണം ചെയ്യുകയുണ്ടായി. എല്ലാ വീടുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്നു എന്നത് ഉറപ്പുവരുത്താൻ ഭരണ സമിതി ശ്രദ്ധിക്കുന്നു. ഗൃഹസന്ദർശന വേളകളിൽ പ്ലാസ്റ്റിക് കത്തിക്കുന്നതിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങൾ അംഗങ്ങളിൽ എത്തിക്കുന്നു. ചില്ലുകൾ, ഗ്ലാസ്, ചെരുപ്പ്, ബാഗുകൾ എന്നിവയുടെ ശേഖരണവും ഹരിത കർമ്മസേനകൾ നിർവഹിക്കുന്നു. കരിയില കത്തിക്കാതെ കുഴിച്ചുമൂടി വളമായി ഉപയോഗിക്കാൻ വേണ്ട നിർദ്ദേശങ്ങളും നൽകിവരുന്നു.
വിശപ്പ് രഹിത സമൂഹം
ഈ വിഷയത്തിൽ കാര്യമായ ഇടപെടലുകൾ നടത്താൻ അസോസിയേഷന് സാധിച്ചിട്ടില്ല. വ്യക്തികളുടെ ഭാഗത്ത് നിന്ന് ഒറ്റപ്പെട്ട ചില ഇടപെടലുകൾ മാത്രമാണ് ഇപ്പോഴുള്ളത്. സർക്കാർ ആശുപത്രികളിൽ പൊതിച്ചോറുകൾ ആവശ്യാനുസരണം വിതരണം ചെയ്യുന്ന മൂന്ന് കുടുംബങ്ങൾ നിലവിലുണ്ട്. എടുത്തു പറയേണ്ടത് ഞങ്ങളുടെ തന്നെ അംഗമായ അക്ഷയ കാറ്ററിംഗ് ഈ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളാണ്. തൊടുപുഴയിലും പരിസരങ്ങളിലുമുള്ള വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ എന്നിവകളിൽ ഭക്ഷ്യലഭ്യത ഉറപ്പ് വരുത്തുവാൻ അവർ നിതാന്ത ജാഗ്രത പുലർത്തിവരുന്നു.
കാറ്ററിംഗ് തലവൻ ശ്രീ രാജൻ പട്ടാണിയുമായി PRA ഭരണസമിതി അംഗങ്ങൾ നടത്തിയ ചർച്ചയിലൂടെ അസോസിയേഷനും അക്ഷയയുടെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാൻ തീരുമാനമെടുത്തു. പരസ്പരസഹായ ഫണ്ട്, മാസവരി എന്നിവയുടെ ഒരു വിഹിതം വിശപ്പ് രഹിത സമൂഹത്തിനായി നീക്കി വയ്ക്കുന്നതായിരിക്കും. ഇത്തരം പ്രവർത്തനങ്ങളിൽ വോളന്റിയർ സർവീസ് നടത്താൻ ഉതകുന്ന ഒരു സംഘം പുതുവർഷ സമ്മാനമായി ആരംഭിക്കുന്നതായിരിക്കും. കൂടാതെ പുതുതലമുറയെ 'വിശപ്പി'നെക്കുറിച്ച് ബോധവാന്മാരാക്കാൻ ഇത്തരം സ്ഥാപനങ്ങളിൽ സകുടുംബമുള്ള സന്ദർശനങ്ങൾ ഉറപ്പ് വരുത്തുന്നതായിരിക്കും. കൂടാതെ വിശപ്പ് രഹിത സമൂഹത്തിനായി ഒരു ഫണ്ട് സ്വരൂപിക്കാനും ഭരണസമിതി തീരുമാനമെടുത്തു.
മികച്ച യുവജനപദ്ധതികൾ
കുട്ടികളുടെയും, യുവജനങ്ങളുടെയും ശാരീരിക, മാനസിക ഉല്ലാസത്തിനായി ഒരു ഓപ്പൺ ബാഡ്മിന്റൺ കോർട്ടും, ഒരു കളിസ്ഥലവും നിലവിലുണ്ട്. ഒരു പ്രൈവറ്റ് വ്യക്തിയുടെ സ്വന്തമായ ഫുട്ബോൾ കളിസ്ഥലം ഏതാണ്ട് അടച്ചുപൂട്ടലിന്റെ വക്കിലാണ്. പുതിയൊരു കളിസ്ഥലത്തിനായി പ്രധാനമന്ത്രിക്ക് കത്തയക്കാം എന്ന തീരുമാനത്തിലാണ് PRA. ഏതാണ്ട് 50 ലക്ഷം രൂപ ചിലവ് വരുന്ന ഈ പദ്ധതിയെക്കുറിച്ച് ശുഭപ്രതീക്ഷയിലാണ് യുവാക്കൾ.
അസോസിയേഷൻ്റെ ഹാളിൽ പരിശീലകയായി അസോസിയേഷൻ്റെ സ്വന്തം അംഗവും ലഭ്യമാണ്. ജില്ലാ സ്പോർട്സ് അതോറിറ്റിയിൽ നിന്നും, തൊടുപുഴയിലെ വ്യാപാര സമൂഹത്തിൽ നിന്നും സഹായം ലഭിക്കും എന്നാണ് പ്രതീക്ഷ. മുപ്പതിനായിരം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. ഹാളിൻ്റെ ഒരു ഭാഗത്ത് ലൈബ്രററിയും യുവാക്കൾക്ക് ചെസ്സ്, ക്യാരംസ് മുതലായവ ആസ്വദിക്കുവാനുള്ള സംവിധാനവും ജനുവരി മാസത്തിൽ സജ്ജമാക്കും. തിനാവശ്യമായ ഫർണിച്ചറുകൾ PRA യുടെ ജോയിന്റ് സെക്രട്ടറി സ്പോൺസർ ചെയ്യുന്നതായിരിക്കും. പുസ്തകങ്ങൾ വ്യക്തികളിൽ നിന്ന് സംഭാവനയായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നു. വിശപ്പ് രഹിത വോളന്റിയർ സംഘത്തിൽ യുവജനങ്ങളുടെ സജീവസാന്നിധ്യം ഉറപ്പ് വരുത്തുന്നതായിരിക്കും.
സ്ത്രീശാക്തീകരണം
പതിമൂന്ന് ഭരണസമിതി അംഗങ്ങളിൽ മൂന്നുപേർ സ്ത്രീകളാണ്. അതിൽ ഒരാൾ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയുമാണ്.
അറുപത് വയസ്സിനു മുകളിൽ പ്രായമായ അമ്മമാരുടെ മാനസിക ശാരീരിക ഉല്ലാസത്തിനായി ആരംഭിച്ച സംരംഭത്തിൻ്റെ ഒന്നാം വാർഷികം ഈ ഓണത്തോടനുബന്ധിച്ച് ആഘോഷിച്ചു. അന്നേദിവസം അമ്മമാർ അവതരിപ്പിച്ച തിരുവാതിര എല്ലാവർക്കും പ്രചോദനം നൽകുന്നതായിരുന്നു. കൂടാതെ കഴിഞ്ഞ വാർഷികത്തിനവതരിപ്പിച്ച കിച്ചൺ ഡാൻസും നയന മനോഹരമായിരുന്നു. കുമരകത്ത് നടത്തിയ ഉല്ലാസ ബോട്ട് യാത്രയിൽ ആട്ടവും പാട്ടുമായി ആഹ്ലാദിച്ച അമ്മമാരുടെ എനർജി ലെവൽ വിവരണാതീതമാണ്. ഫെബ്രുവരി മാസത്തിൽ നടത്താനിരിക്കുന്ന വിമാനയാത്രയുടെ പ്രതീക്ഷയിലാണ് അവരോരോരുത്തരും.
കൺവീനർമാരായ ഷൈലറ്റ് ഗ്രീൻസിന്റെയും അതുപോലെ ജോയിന്റ് കൺവീനർമാരായ സുകുമാരി, ശോഭന, അമ്മിണി വർഗീസ് എന്നിവരുടെയും നേതൃത്വത്തിൽ ആരംഭിക്കുന്ന അമ്മത്തോട്ടത്തിൻ്റെ ഉദ്ഘാടനം 10-12-23-നു മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിക്കുന്നതാണ്. 10 സെന്റിൽ ആരംഭിക്കുന്ന കൃഷിയിൽ ചേന, ചേമ്പ്, കാച്ചിൽ, വാഴ തുടങ്ങിയവ കൃഷി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ഇടത്തരക്കാരായ കുടുംബങ്ങളുടെ ഒരു സമൂഹമാണ് പെരുക്കോണി റസിഡന്റ്സ് അസോസിയേഷൻ. സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം 7. സ്വന്തമായി ഇടത്തരം ബിസിനസ്സുകൾ നടത്തുന്നവർ 16 പേർ. അതിൽ തന്നെ ഇൻകം ടാക്സ് അടയ്ക്കേണ്ടവർ 9 പേർ മാത്രം. കൂടുതൽ ആളുകളും മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരോ ദിവസകൂലിക്കാരോ ആണ്. ഓട്ടോ ഓടിച്ച് ജീവിക്കുന്നവർ 4 പേർ. ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചവരുണ്ട്.
എല്ലാവരും കൃത്യമായി വീട്ടുകരം അടയ്ക്കുന്നവർ ആണ്. അതുപോലെ മറ്റു നികുതികളും കൃത്യമായി അടച്ചു വരുന്നു. നികുതികൾ കൃത്യമായി അടയ്ക്കണ്ടതിൻ്റെ ആവശ്യകത ബോധ്യമുള്ളവരാണ്.